തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര
കൊട്ടാരക്കര ഗണപതികോവിലിൽ നിന്നും 05-07-2025 രാവിലെ 6 മണിക്ക് തിരിച്ച് 116 KM അകലെയുള്ള ചെങ്കോട്ടൈ തിരുമലൈ കോവിലിൽ 8.30 മണിയോടെ എത്തിചേർന്നു .
( 1 ) തിരുമലൈ മുരുകൻ കോവിൽ , ചെങ്കോട്ടൈ
ദക്ഷിണ പഴനി എന്നറിയപ്പെടുന്ന തിരുമലൈ മുരുകൻ കോവിൽ തെങ്കാശി ജില്ലയിൽ ചെങ്കോട്ടയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നു.
ചതുർബാഹുക്കളോടെ നിൽക്കുന്ന സുബ്രഹ്മണ്യ രൂപമാണ് പ്രതിഷ്ഠ.
തിരുവരട്ട് ശെൽവർ ശിവഗാമി അമ്മയാരാണ് ദ്രാവിഡ വാസ്തുവിദ്യാശൈലിയിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മുരുകൻ അഗസ്ത്യമുനിക്ക് ദർശനം നൽകിയത് ഇവിടെയാണ് എന്ന് പറയപ്പെടുന്നു.
രണ്ട് ചുറ്റുമതിലുകളും രണ്ട് പ്രവേശനകവാടങ്ങളും ഉള്ള ഇവിടെ വല്ലഭ വിനായക ക്ഷേത്രവും തിരുമലൈ കാളി അമ്മൻ ക്ഷേത്രവും ഉണ്ട്.
625 പടികൾ നടന്നു കയറിയോ വാഹനത്തിലോ ക്ഷേത്ര കവാടത്തിൽ എത്താം.
വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ നക്ഷത്ര ക്ഷേത്രമാണ് ഇവിടം.
കൊട്ടാരക്കരയിൽ നിന്നും പുനലൂർ - തെന്മല - വഴി തിരുമലൈ കോവിലിൽ എത്താം.
നടതുറക്കുന്ന സമയം :
6 am to 12
4 pm to 8 pm
———————————————————————-
തിരുമലൈ കോവിലിൽ നിന്നും 9 മണിക്ക് തിരിച്ച് 50 KM അകലെയുള്ള ശങ്കരൻ കോവിലിൽ 10.30 ന് എത്തിച്ചേർന്നു.
( 2 ) ശങ്കരൻ കോവിൽ ,തെങ്കാശി
തെങ്കാശി ജില്ലയിൽ പാണ്ഡ്യരാജാവായ ഉക്കര പാണ്ഡ്യൻ നിർമ്മിച്ചു.
ക്ഷേത്രത്തിന് ഒൻപത് നിലകളുള്ള ഗോപുരമാണ്.
ശങ്കരൻ പ്രധാന പ്രതിഷ്ഠയും നാരായണനും ഗോമതി അമ്മാളും (പാർവ്വതി) ഉപദേവതകളുമാണ്.
ക്ഷേത്രത്തിനുള്ളിൽ അമ്മൻ സന്നിധിയ്ക്ക് ചുറ്റും കാണുന്ന സർപ്പകുഴിയിൽ നിന്നും എടുക്കുന്ന മണൽ (വാന്മീകം) സർവ്വരോഗ സംഹാരിയായി കരുതുന്നു.
തുളസീ തീർത്ഥം എന്ന പേരിൽ ഒരു തീർത്ഥക്കുളവും ഉണ്ട്. പഞ്ചഭൂതങ്ങളിൽ ഭൂമിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇത്.
നാഗദോഷം മാറുന്നതിനും ഭൂമി സംബണ്ഡമായ ദോഷപരിഹാരങ്ങൾക്കും ഇവിടെ പ്രാർത്ഥിച്ചാൽ മതിയാകും.
ചിത്തിര മാസത്തിലെ രഥോത്സവും ആടി തപസ്സ് (ഒറ്റക്കാലിൽ നിന്നും തപസ്സ് ചെയ്യുന്നത്) ഇവിടെ പ്രസിദ്ധമാണ്.
ദർശന സമയം:
6 am to 12
4 pm to 8 pm
———————————————————————-
ശങ്കരൻ കോവിലിൽ നിന്നും 11.30 മണിയോടെ തിരിച്ചു 208 KM അകലെയുള്ള പഴനിയിൽ വൈകിട്ട് 5 മണിയോടെ എത്തിച്ചേർന്നു .
( 3 ) പഴനിമല മുരുക ക്ഷേത്രം , പഴനി
ദിണ്ഡിഗൽ ജില്ലയിലെ ശിവഗിരി കുന്നിൻ മുകളിലാണ് പഴനിമല ദണ്ടായുധപാണി ക്ഷേത്രം.
ദേവ സേനാധിപനായ മുരുകന്റെ ആറു പടൈ വീടുകളിൽ (യുദ്ധ ക്യാമ്പ് ) പ്രധാനമാണ് പഴനി .
ഭോഗർ സിദ്ധർ ആണ് ദണ്ഡും പിടിച്ചു നില്കുന്ന മുരുകന്റെ നവപാഷാണ വിഗ്രഹം പ്രതിഷ്ഠിച്ചത്.
കാലാന്തരത്തിൽ ഈ ക്ഷേത്രം നശിച്ചു പോകുകയും ഈ പ്രദേശം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ വിഗ്രഹം കണ്ടെടുത്ത് തന്റെ സാമ്രാജ്യം (കേരളം) കാത്തു രക്ഷിക്കാനായി പടിഞ്ഞാറ് ദർശനമായി വിഗ്രഹം പ്രതിഷ്ഠിച്ചു.
ഭഗവാന് മലയാളക്കരയോടുള്ള പ്രത്യേക വാത്സല്യമുള്ളതിനാലാണ് കേരത്തിൽ നിന്നും ധാരാളം ഭക്തൻമാർ പഴനിയിൽ ദർശനത്തിന് എത്തുന്നത്.
ക്ഷേത്രത്തിന്റെ പണികൾ ചേര ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഗർഭഗൃഹത്തിനു മുകളിൽ ഒരു സ്വർണ ഗോപുരവും ഉണ്ട്.
മലകയറുമ്പോൾ പാദവിനായകർ ക്ഷേത്രവും മധ്യഭാഗത്തയി ഇഡുംബർ ക്ഷേത്രവും കാണാം.
ബാലമുരുകന്റെ ശിരസ്സ് മുണ്ടണം ചെയ്തിരിക്കുന്നതിനാൽ അതിനോട് സാമ്യം തോന്നുന്നതിന് വേണ്ടിയാണ് ഭക്തർ തല മുണ്ഡനം ചെയ്യുന്നത്.
പഴനി മലയുടെ മറുഭാഗത്തായി ഇഡുംബർ മലയും കൂടാതെ ശരവണ പൊയ്ക , വരദമാ നദി, തേക്കാത്തോട്ടം എന്നിവയും പഴനിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.
തൈപ്പൂയം, വൈകാശി വിശാഖം, തൃകാർത്തികഎന്നിവയാണ് പ്രധാന ഉത്സവങ്ങൾ.
ദർശന സമയം:
5.30 am to 9.30 pm
———————————————————————
രണ്ടാം ദിവസ 06-07-2025 ന് രാവിലെ 6 മണിക്ക് പഴനിയിൽ നിന്നും തിരിച്ച് 430 KM അകലെയുള്ള ആദി തിരുവരംഗ രംഗനാഥസ്വാമി ക്ഷേത്രതിൽ ഉച്ചക്ക് 1 മണിയോടെ ഇതിച്ചേർന്നു.
( 4 ) ആദി തിരുവരംഗ രംഗനാഥപെരുമാൾ ക്ഷേത്രം
ശങ്കരപുരം താലൂക്കിൽ ആദി തിരുവരംഗത്താണ് രംഗനാഥ പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശ്രീരംഗം ക്ഷേത്രത്തേക്കാൾ വളരെ പഴക്കമുളളതും ചോള, വിജയനഗര രാജാക്കൻമാരാൽ ദ്രവിഡ ശൈലിയിൽ നിർമ്മിച്ചതുമാണീ ക്ഷേത്രം .
പ്രധാന ദേവനായ രംഗനാഥ പെരുമാളിന് 29 അടി നീളമുള്ള അനന്തശയനത്തിലുള്ള പ്രതിഷ്ഠയാണ്.
രംഗരാജനോടൊപ്പം ഭാര്യമാരായ ശ്രീദേവിയെയും ഭൂദേവിയെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ശ്രീരംഗനായികയുടെ കോവിൽ കൂടാതെ കോദണ്ഡരാമൻ, ഹനുമാൻ, കൃഷ്ണൻ എന്നിവരുടെ ശ്രീകോവിലുമുണ്ട്.
പടിഞ്ഞാറ് ഭാഗത്തായി വിഷ്ണുവിന്റെ കല്ലിൽ കൊത്തിയ വലിയ കാൽപ്പാദങ്ങളും തെക്കു കിഴക്കായി വൃത്തസ്തംഭകൃതിയിലുള്ള വളരെ വലിയ ഒരു ധാന്യസംഭരണശാലയുമുണ്ട്.
പ്രധാന ഉത്സവം:
ചിത്തിരമാസത്തിലെ രഥോത്സവം
ദർശനസമയം: 6 am - 7.30pm
———————————————————————-
ആദി തിരുവരംഗ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നിന്നും ഉച്ചക്ക് 1.30 മണിയോടെ തിരിച്ച് 2.30 ന് 33 KM അകലെയുള്ള തിരുവണ്ണാമലയിൽ എത്തിച്ചേർന്നു. അന്നത്തെ താമസം ശിവഗംഗ നാടാർ സംഘത്തിന്റെ ലോഡ്ജിൽ ആയിരുന്നു.
( 5 ) അരുണാചലേശ്വര ക്ഷേത്രം , തിരുവണ്ണാമലൈ
ശ്രീ അരുണാചലേശ്വര ക്ഷേത്രം തിരുവണ്ണാമല ജില്ലയിൽ അണ്ണാമലൈ കുന്നുകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂത സിദ്ധാന്തം അനുസരിച്ച് ക്ഷേത്രങ്ങളിൽ അഗ്നിയുമായി ബന്ധപ്പെട്ട ‘അഗ്നിലിംഗ’മാണ് പ്രതിഷ്ഠ.
ചോള രാജാക്കൻമാർ നിർമ്മിച്ച ഈ ക്ഷേത്രം കിഴക്കോട്ട് ദർശനമായി അരുണാചലേശ്വരനും ഇടതുവശത്തായി പാർവ്വതി (ഉണ്ണാമലയമ്മൻ) കോവിലുമാണ് .
ഒൻപത് ഗോപുരങ്ങളും 1000 കൽമണ്ഡം രണ്ട് തീർത്ഥക്കുളം രമണമഹർഷിയുടെ ധ്യാനസ്ഥലം എന്നിവ ക്ഷേത്രത്തിനുള്ളിലാണ് . അരുണ ഗിരിനാഥർക്കു മുമ്പിൽ മുരുകൻ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാർ സന്നിധിയും നവഗ്രഹങ്ങളും ക്ഷേത്രകവാടത്തിൽ ഗോപുര വിനായകരും തീർത്ഥക്കരയിൽ സിദ്ധിവിനായകരും പടിഞ്ഞാറ് കോത്തല വിനായകരും ആനൈതിരൈ കൊണ്ട വിനായകരും പ്രതിഷ്ഠയായിട്ടുളള ശ്രീകോവിലുകളും ഉണ്ട്.
രമണാശ്രമം,വിരൂപാക്ഷഗുഹ, പാച്ചി അമ്മൻ കോവിൽ, ഭൂത നാരായണ സ്വാമി കോവിൽ , തിരുനെർ അണ്ണാമല കോവിൽ , ആദി അണ്ണാമല കോവിൽ , ഇടുക്ക് പിള്ളയാർ കോവിൽ എന്നിവ അണ്ണാമലയോട് ചേർന്നുള്ള ക്ഷേത്രങ്ങളാണ്.
മലയെ തന്നെ ശിവരൂപമായി സങ്കല്പിച്ച് 14 കിലോമീറ്ററോളം നഗ്നപാദരായി നടന്ന് അരുണാചല പ്രദിക്ഷണം (ഗിരിവലം) നടത്തുന്നത് പ്രസിദ്ധമാണ്.
കാർത്തിക മാസത്തിലെ കാർത്തിക വിളക്കും ശിവരാത്രിയും മഹാലയ അമാവാസിയും എല്ലാ പൗർണമിയിലും ഗിരിവലം ചുറ്റുന്നതും ഇവിടത്തെ പ്രധാന ആഘോഷങ്ങളാണ്.
ദർശന സമയം : 5.30 am - 8 pm
———————————————————————-
മൂന്നാം ദിവസം 07-07-2025 രാവിലെ 6 മണിയോടെ തിരുവണ്ണാമലയിൽ നിന്നും തിരിച്ച് 138 KM അകലെയുള്ള ചിദംബരം ക്ഷേത്രത്തിൽ 10 മണിക്ക് എത്തിചേർന്നു.
( 6) തില്ലൈ നടരാജ ക്ഷേത്രം , ചിദംബരം
തില്ലൈ നടരാജ ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തായി സ്ഥിതി ചെയ്യുന്നു എന്നാണ് സങ്കല്പം.
ഇവിടെ തഴച്ചുവളർന്നിരുന്ന തില്ലായ് ചെടികളുടെ പേരിൽ നിന്നാണ് തില്ലൈ പട്ടണം എന്ന പേര് വന്നത്.
പിന്നീട് ചിദംബരമായി മാറുകയും ചെയ്തു. ചിദംബരം എന്നത് ( ചിദ് + അംബരം = ജ്ഞാനം + ആകാശം ) അറിവിന്റെ ആകാശമായി നിലകൊള്ളുന്നത് എന്ന് അർത്ഥം.
പഞ്ചഭൂതങ്ങളിൽ ആകാശത്തിനു പ്രാധാന്യം നല്കിയിട്ടുള്ള ക്ഷേത്രമാണിത്.
ശിവതാണ്ഡവ രൂപത്തിലുള്ള നടരാജൻ തെക്കോട്ട് ദർശനമായാണിരിക്കുന്നത്.( ഇതാണ് രൂപം )
ഇതിനു താഴെ സ്ഫടിക രൂപത്തിലുള്ള ഒരു ശിവലിംഗവും ( ഇതാണ് അർദ്ധ രൂപം).
നടരാജ വിഗ്രഹത്തിന്റെ വലതുഭാഗത്തായി ഒരു തിരശ്ശീല മറയായി കാണാം. ഈ മറ നീക്കി പൂജാരി ആരതി ഉഴിയുമ്പോൾ ചിലർക്ക് സ്വർണ നിറത്തിലുള്ള കൂവള ഇലകൾ കാണാം. പലർക്കും പല രൂപങ്ങളും തെളിഞ്ഞു കാണാം. ഈ രൂപത്തെ പറ്റിയുള്ള വിവരങ്ങൾ ആരോടും പറയാൻ പാടില്ല. ഇത് ഒരാളുടെ വ്യക്തിപരമായ അനുഭവമാണ്.(ഇതാണ് അരൂപി ). ഇതാണ് പ്രസിദ്ധമായ ചിദംബര രഹസ്യം .
എട്ട് അടി ഉയരമുള്ള മുക്കരുണി വിനായകനേയും നൃത്തച്ചുവട് വയ്ക്കുന്ന കർപ്പക വിനായകനേയും വണങ്ങിയ ശേഷമാണ് ചിദംബരനാഥനെ കാണേണ്ടത്.
മഹാവിഷ്ണു,ബാലസുബ്രഹ്മണ്യൻ,മധുര സോമസുന്ദരം, ചിത്രഗുപ്തൻ , ദുർഗ എന്നിവരുടെ കോവിലുകളും രഥ ചക്രങ്ങളുള്ള സൂര്യ ക്ഷേത്രവും കാണാം. കൂടാതെ ശിവകാമ സുന്ദരിയുടെ (പാർവ്വതി) ഒരു ശ്രീകോവിലും ഉണ്ട്.
ചോള രാജവംശത്തിന്റെ ആദ്യ തലസ്ഥാനം ഇവിടെ ആയിരുന്നു.
ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന് സ്വർണ മേൽക്കൂരയും, നാല് പ്രധാന ഗോപുരങ്ങളും , ശിവഗംഗ ക്ഷേത്രക്കുളവും ഉണ്ട്.
കിഴക്കേ ഗോപുരത്തിൽ ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യ ഭാവങ്ങളും കൊത്തിവച്ചിരിക്കുന്നു.
മാർഗഴി മാസത്തിലെ തിരുവാതിരയും , ആടി മാസത്തിലെ തിരുമഞ്ജനവും ശിവരാത്രി ദിവസം നടക്കുന്ന നൃത്തോത്സവമായ നാട്യാഞ്ജലിയും പ്രധാന ഉത്സവ ആഘോഷങ്ങളാണ്.
ദർശനസമയം:
6 am - 12 pm
5 pm - 10 pm
———————————————————————
ചിദംബരം ക്ഷേത്രത്തിൽ നിന്നും 10.45 ന് തിരിച്ച് 25 KM അകലെയുള്ള ശീർകാഴി സട്ടൈനാഥർ ക്ഷേത്രത്തിൽ 11.30 ന് എത്തിച്ചേർന്നു.
( 7 ) സട്ടൈനാഥർ ക്ഷേത്രം -ശീർകാഴി
തമിഴ് നാട്ടിലെ മയിലാടുംതുറൈ ജില്ലയിലെ ശീർകാഴിയിലാണീ ക്ഷേത്രം.
മൂന്നു നിലകളിലായി മൂന്നു വ്യത്യസ്ത ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളുള്ള ക്ഷേത്രസമുച്ചയമാണിത്.
ചോള രാജാക്കൻമാർ ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രമാണിത്. രണ്ട് ഗോപുരങ്ങളാണ് പ്രധാനമായും ഉള്ളത്.
താഴത്തെ നിലയിൽ ബ്രഹ്മപുരിശ്വർ (ശിവലിംഗം) ക്ഷേത്രമാണ്. ഒപ്പം ശ്രീ സ്ഥിരസുന്ദരിയും (തിരു നിലനായിക ).
രണ്ടാം നിലയിൽ പെരിയനായകരും പെരിയ നായികയുമായി തോണിയിലിരിക്കുന്ന വിഗ്രഹമാണ്.
ഭൂമിയെ മുക്കിയ ഏറ്റവും വലിയ പ്രളയകാലത്ത് മഹാദേവൻ 64 കലകളേയും സംരക്ഷിക്കുവാനായി തന്റെ ചട്ടയിൽ (ഉടുപ്പ്) വഹിച്ചു കൊണ്ടു തോണിയിൽ പെരിയ നായികയോടെപ്പം പോകുമ്പോൾ വെള്ളം കയറാത്ത ഒരു സ്ഥലം കണ്ട് അവിടെ ഇറങ്ങി. ആ സ്ഥലമാണ് ശീർകാഴി. തോണിയിൽ ഇരിക്കുന്ന ഉമാ മഹേശ്വരൻമാരുടെ ഈ പ്രതിഷ്ഠയെ 'തോണി അപ്പർ' എന്നും വിളിക്കുന്നു.
മൂന്നാമത്തെ നിലയിലാണ് സട്ടൈ നാഥർ പ്രതിഷ്ഠ. ഭീമാകാരമായ ശിവലിംഗമാണ്(ഭൈരവൻ ).
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതീഹ്യവുമുണ്ട്. തിരുജ്ഞാന സംബന്ധർ എന്ന ശൈവ കവിക്ക് മൂന്നുവയസ്സുള്ളപ്പോൾ പാർവ്വതീ ദേവി ജ്ഞാന പാൽ നല്കിയിരുന്നുവെന്നും അപ്പോൾ മുതൽ സംബന്ധർ തുടർച്ചയായി ശിവസ്ത്രോത്രങ്ങൾ പാടികൊണ്ടേയിരുന്നു എന്നുമാണ് ഐതീഹ്യം.
ഈ സംഭവങ്ങൾ ചുവരുകളിൽ ചിത്രങ്ങളായി കൊത്തിവച്ചിട്ടു ള്ളതാകുന്നു.
ശ്രീ സ്ഥിരസുന്ദരി (പാർവ്വതി ) യുടെ വിഗ്രഹം നിലവറയിൽ പ്രത്യേക ശ്രീ കോവിലിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ നല്കുന്ന പ്രസാദം പാൽ ആകുന്നു.
പുരുഷൻമാർ ഷർട്ട് ധരിക്കാനും സ്ത്രീകൾക്ക് പൂവ് ചൂടാനും അനുമതിയില്ല.
ദർശനസമയം: 6am - 12
4 pm- 8.30 pm
——————————————————————-
12 മണിയോടെ സീർക്കാഴി സട്ടൈനാഥർ കോവിലിൽ നിന്നും തിരിച്ച് 7 KM ദൂരമുള്ള വൈത്തീശ്വരൻ കോവിലിൽ 12.20 ന് എത്തിച്ചേർന്നു.
(8) വൈത്തീശ്വരൻ കോവിൽ , മയിലാടുംതുറൈ
തമിഴ്നാട്ടിലെ മയിലാടുംതുറൈ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശൈവ ക്ഷേത്രമാണ് വൈത്തീശ്വരൻ കോവിൽ.
ശിവനെ വൈദ്യനാഥൻ (വൈത്തീശ്വരൻ) 'രോഗശാന്തിയുടെ ദൈവം' എന്ന ഭാവത്തിലാണ് ആരാധിക്കുന്നത്.
പടിഞ്ഞാറോട്ട് അഭിമുഖമായിട്ടാണ് പ്രതിഷ്ഠ. നവഗ്രഹക്ഷേത്രങ്ങളിൽ ചൊവ്വ (അംഗാരകൻ) ഗ്രഹവുമായി ബന്ധപ്പെട്ട ക്ഷേത്രം കൂടിയാണിത്. കുഷ്ഠരോഗം ബാധിച്ച അംഗാരകൻ വൈദ്യനാഥ സ്വാമിയെ പ്രാർഥിച്ചാണ് സുഖംപ്രാപിച്ചത്.അന്നു മുതൽ ചൊവ്വ ഗ്രഹത്തിനുള്ള ക്ഷേത്രമായി അറിയപ്പെടുന്നു.
തയ്യൽനായഗി ( പാർവ്വതി), സെൽ മുത്തു കുമാരസ്വാമി (മുരുകൻ), വിനായകർ , ധന്വന്തരി എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഉണ്ട്.
ക്ഷേത്ര കുളത്തിലെ പുണ്യജലത്തിൽ അമൃത് അടങ്ങിയിട്ടുള്ളതായി വിശ്വസിക്കപ്പെടുന്നു.
നാഡി ജ്യോതിഷം എന്നറിയപ്പെടുന്ന താളിയോല ജ്യോതിഷത്തിനു പേര് കേട്ടതാണീ ഗ്രാമം.
ചോള രാജാക്കൻമാർ നിർമ്മിച്ച ഈ ക്ഷേത്രം ദ്രാവിഡ ശൈലിയിലാണ് പണിതിട്ടുള്ളത്.
വിശാലമായ ഇടനാഴികളും ഒരു വലിയ ഗോപുരവും കൂടാതെ മറ്റു ഗോപുരങ്ങളും ഉണ്ട്.
തായ് മാസത്തിലെ ബ്രഹ്മോത്സവം, കാർത്തിക ഉത്സവം, മുത്തു കുമാരസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിയും പ്രധാന ഉത്സവങ്ങളാണ്.
ദർശന സമയം: 6am - 1 pm
4pm - 9 pm
———————————————————————
വൈത്തീശ്വരൻ കോവിലിൽ നിന്നും തിരിച്ച് ഉച്ചഭക്ഷണവും കഴിച്ച് 54 KM അകലെയുള്ള തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിൽ 3.30 ന് എത്തിചേർന്നു.എല്ലാ ശ്രീകോവിലുകളും 4മണിയോടെ തുറക്കുമെങ്കിലും ത്യാഗരാജസ്വാമിയുടെ കോവിൽ 6 മണിക്ക് മാത്രമേ ദർശനമുള്ളു.
(9) ത്യാഗരാജസ്വാമി കോവിൽ, തിരുവാരൂർ
തമിഴനാട്ടിലെ തിരുവാരൂർ ജില്ലയിലാണ് ശിവൻ വാല്മീക നാഥനായും ത്യാഗരാജസ്വാമിയായും പ്രതിഷ്oയുള്ള ഈ ക്ഷേത്രം.
"തിരുവാരൂരിൽ പിറന്നാൽ മുക്തി" എന്നും “തിരുവാരൂരിൽ തൊഴുതാൽ മോക്ഷം” എന്നുമുള്ള പഴം ചൊല്ലുകൾ തിവാരൂരിനെ മഹത്വപ്പെടുത്തുന്നു.
കലാകാരന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഇവിടം.
ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ ജന്മസ്ഥലമാണ് തിരുവാരൂർ .
നീലോത്പാലംബിക (കമലാംബിക ), സ്കന്ദൻ തുടങ്ങി 1000 ശിവലിംഗങ്ങൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രമാണിത്.
ത്യാഗരാജൻ, വാന്മികനാഥൻ എന്നീ ദേവൻമാർക്കാണ് പ്രാമുഖ്യം. കടബാധ്യതകൾ മാറ്റുന്ന ഋണ വിമോചന ലിംഗേശ്വര പ്രതിഷ്ഠ ഇവിടെയാണ്.
ദേവേന്ദ്രൻ മുശുകുണ്ഡ ചക്രവർത്തിക്ക് നല്കിയ മരതക ശിവലിംഗവും ഇവിടെയാണ്. ഈ മരതക ശിവലിംഗത്തിന് മാത്രമേ അഭിഷേകം നടത്താറുള്ളു.
ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ ക്ഷേത്രരഥം ഉള്ളത് ഇവിടെയാണ്. ഏഷ്യയിലെ ഏറ്റവും വലിയ രഥോത്സവം നടക്കുന്നതും ഇവിടെയാണ്.
ചോള രാജാക്കൻമാർ നിർമ്മിച്ച ഈ ക്ഷേത്രം പാണ്ഡ്യ, പല്ലവ, വിജയനഗര രാജാക്കന്മാരാൽ പുനർനിർമ്മിക്കപ്പെട്ടിട്ടുള്ളതാകുന്നു.
ഒൻപത് ക്ഷേത്ര ഗോപുരങ്ങളും, കമലാലയകുളം എന്ന പേരിലുള്ള വലിയ തീർത്ഥക്കുളവും ഉണ്ട്.
ഭഗവാന്റെയും ദേവിയുടെയും മുഖം മാത്രം കാണുന്ന രീതിയിലാണ് പ്രതിഷ്ഠ. ബാക്കി ദേഹം മുഴുവനും പൂവ് കൊണ്ട് മൂടിയിരിക്കും. മാർഗഴി തിരുവാതിരയ്ക്ക് ഭഗവാന്റെ വലതുകാൽ പാദവും ദേവിയുടെ ഇടതുകാൽ പാദവും ഭക്തർക്ക് ദർശിക്കാം. ഇതാണ് ദക്ഷിണ പാദദർശനം.
പൈങ്കുനി ഉത്രത്തിന് ഭഗവാന്റെ ഇടതുകാൽ പാദവും ദേവിയുടെ വലതുകാൽ പാദവും കാണുന്ന ദർശനമാണ് ഉത്തര പാദ ദർശനം. ഇവ രണ്ടും പ്രധാന ആഘോഷങ്ങളാണ്.
പ്രധാന ഉത്സവങ്ങൾ:
മാർഗഴി തിരുവാതിരയും ശിവരാത്രി ഉത്സവവുമാണ്.
ദർശന സമയം. 9 am - 12
4 pm - 9 pm
———————————————————————
തിരുവാരൂരിൽ നിന്നും വൈകിട്ട് 6.30 ന് തിരിച്ച് 36 KM അകലെയുള്ള തിരുനെല്ലാർ ക്ഷേത്രത്തിൽ 7.30 ന് എത്തിച്ചേർന്നു.
ഇവിടം കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ ആണ്.
(10) തിരുനെല്ലാർ ദർബാരണ്യേശ്വര ക്ഷേത്രം
( തിരുനെല്ലാർ ശനീശ്വര ക്ഷേത്രം)
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുള്ള (പോണ്ടിച്ചേരി) കാരയ്ക്കൽ ജില്ലയിലാണ് തിരുനെല്ലാർ ദർബാരണ്യേശ്വര ക്ഷേത്രം. (ദർബ = ദർഭ പുല്ല്) .
ലിംഗരൂപത്തിലുള്ള പ്രതിഷ്ഠയെ ദർഭ കൊണ്ട് മാല പോലെ മൂടുന്നു. ക്ഷേത്രത്തിന്റെ ഒരു മൂലയ്ക്കായി മരം പോലെ വളർന്നു നില്കുന്ന ദർഭപുല്ലും കാണാവുന്നതാണ്.
പ്രധാന ദേവനായ ധർബാരണ്യേശ്വരനെ പോലെ തുല്യ പ്രാധാന്യമുള്ള ദേവനാണ് ശനീശ്വരൻ. കൂടാതെ പ്രാണാംബിക (പാർവ്വതി ), സോമസ്കന്ദ പ്രതിഷ്ഠയും ഉണ്ട്.
ക്ഷേത്രത്തിലെ തീർത്ഥകുളത്തെ സംബന്ധിച്ച ഐതിഹ്യം നള രാജാവുമായി ബന്ധപ്പെട്ടതാണ്. ശനി ബാധിച്ച നളൻ ദർബരണ്യേശ്വര ക്ഷേത്രത്തിൽ എത്തി തീർത്ഥകുളത്തിൽ (നളതീർത്ഥം) മുങ്ങികുളിച്ച് ശനിദേവനെ പ്രാർത്ഥിച്ച് മോക്ഷ പ്രാപ്തി നേടുകയുണ്ടായി.
ശനി ബാധിതരായ ഭക്തർ നളതീർത്ഥത്തിൽ സ്നാനം ചെയ്ത് ഉടുത്തിരുന്ന വസ്ത്രം ഉപേക്ഷിച്ച് കറുത്ത വസ്ത്രം ധരിച്ച് ശനിദേവനെ പ്രാർത്ഥിച്ചാൽ ശനി ദോഷം മാറികിട്ടും എന്നാണ് വിശ്വാസം.
ചോള രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം.
ചിത്തിര മാസത്തിലെ മഹാശിവരാത്രിയും , രണ്ടര വർഷം കൂടുമ്പോൾ കാർത്തിക മാസത്തിൽ ശനിദേവന് നടത്തുന്ന 'ശനിപേയാർച്ചയും ' പ്രധാന ഉത്സവമാണ്.
ദർശന സമയം : 5 am - 12 pm
4 pm - 9 pm
——————————————————————
തിരുനെല്ലാറിൽ നിന്നും രാവിലെ 6 മണിക്ക് യാത്ര തിരിച്ചു 18 KM അകലെയുള്ള തിരുമേയച്ചൂർ മേഘനാഥ സ്വാമി ക്ഷേത്രത്തിൽ 7 മണിയോടെഎത്തിച്ചേർന്നു .
(11) മേഘനാഥ സ്വാമി ക്ഷേത്രം , തിരുമെയച്ചൂർ
തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ തിരുമേയച്ചൂർ എന്ന സ്ഥലത്ത് മേഘനാഥ സ്വാമികൾ ലിംഗ രൂപത്തിൽ സ്വയംഭൂവായ ക്ഷേത്രമാണ് ഇത്. ശിവന്റെ പത്നിയായ ലളിതാംബിക ദേവിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.
ലളിതാംബിക ദേവി വാക്ദേവതകളെ (വാസിനി) സൃഷ്ടിച്ച് തന്റെ ആയിരം നാമങ്ങൾ പാടാൻ ഉപദേശിച്ചതും ഈ ലളിത സഹസ്രനാമങ്ങൾ ഹയഗ്രീവൻ അഗസ്ത്യ മുനിയെ പഠിപ്പിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണെന്ന് ഐതിഹ്യം.
ബാലി,സുഗ്രീവൻ ,ശനീശ്വരൻ, അരുണൻ , യമൻ, ഗരുഡൻ എന്നിവരുടെ ജന്മസ്ഥലമാണ് തിരുമേയച്ചൂർ.
സൗന്ദര്യനായിക (ശാന്തനായിക ), ദക്ഷിണാമൂർത്തി, ബ്രഹ്മാവ്,വിഷ്ണു, വിനായകർ എന്നീ ഉപദേവതകളയും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശാന്തനായികയുടെ ഒരു വശത്തുനിന്ന് നോക്കിയാൽ കോപത്തോടെയും മറുവശത്തുനിന്നും നോക്കിയാൽ പുഞ്ചിരിക്കുന്നതായും കാണാൻ കഴിയും.
ചോളന്മാർ ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രം പിന്നീട് പാണ്ഡ്യന്മാർ പുനർ നിർമ്മിക്കുകയുണ്ടായി.
നവരാത്രി ഉത്സവം, ഉത്തരായനം മുതൽ നടത്തുന്ന രഥസപ്തമി ഉത്സവവുമാണ് പ്രധാന ആഘോഷങ്ങൾ.
ചിത്തിര മാസം 21 മുതൽ 27 വരെ സൂര്യരശ്മികൾ മേഘനാഥന്റെ സ്വയംഭൂവിഗ്രഹത്തിൽ നേരിട്ട് പതിക്കുന്നതായി കാണാം.
ഈ ദിവസങ്ങളിൽ സൂര്യപൂജ നടത്താറുണ്ട്.
ദർശന സമയം :
5 am - 12 pm
4.30 pm - 8.30 pm
———————————————————————-
തിരുമെയച്ചൂർ മേഘനാഥസ്വാമി ക്ഷേത്രത്തിൽ നിന്നും രാവിലെ 7.30 മണിയോടെ തിരിച്ച് 27 KM അകലെയുള്ള തിരുനാഗേശ്വരം നാഗനാഥർ ( രാഹു ക്ഷേത്രം) ക്ഷേത്രത്തിൽ 9 മണിയോടെ എത്തിച്ചേർന്നു .
(12) നാഗനാഥർ ക്ഷേത്രം , തിരുനാഗേശ്വരം
തമിഴ്നാട്ടിലെ കുംഭകോണത്തുള്ള തിരുനാഗേശ്വരം എന്ന സ്ഥലത്താണ് ശിവനെ നാഗനാഥർ ആയി ആരാധിക്കുന്ന ശിവലിംഗ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാഹുവിനായുള്ള പ്രത്യേക കോവിലിൽ രാഹുനാഥൻ തന്റെ പത്നിമാരായ നാഗവല്ലിയോടും നാഗകന്യയോടും ചേർന്നിരിക്കുന്ന രൂപമാണ് ഇവിടെയുള്ളത്.
ശിവനെ നാഗനാഥർ ആയും പാർവതിയെ പിരായണി അമ്മനായും ഗിരികുജാംബികയായും (മേരു രൂപത്തിൽ സ്വയംഭൂ) ഇവിടെ ആരാധിക്കുന്നു.
സർപ്പങ്ങളുടെ രാജാവായ ആദിശേഷനും തക്ഷകനും കാർക്കോടകനും ശിവനെ ഈ ക്ഷേത്രത്തിൽ ആരാധിച്ചിരുന്നതിനാൽ ഈ സ്ഥലത്തെ തിരുനാകേശ്വരം എന്നറിയപ്പെടുന്നു. ക്ഷേത്രക്കുളത്തിനടുത്ത് (സുലതീർത്ഥം) നൂറു തൂണുകളുള്ള കൽമണ്ഡപവും നാല് ഗോപുരങ്ങളും ഉള്ള ഈ ക്ഷേത്രം ചോള രാജാക്കന്മാരുടെ കാലത്ത് പണി കഴിപ്പിച്ചിട്ടുള്ളതാണ്. തുടർന്ന് നായക് ഭരണാധികാരികൾ നവീകരിക്കുകയും ചെയ്തു.
കാർത്തികമാസം പത്തുദിവസം നീണ്ടുനിൽക്കുന്ന ബ്രഹ്മോത്സവവും വിവാഹോത്സവും രഥഘോഷയാത്രയും ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്.
വർഷത്തിലൊരിക്കൽ രാഹു ഒരു ഗ്രഹത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോൾ ആഘോഷിക്കുന്ന ഉത്സവമാണ് രാഹു പേയാർച്ചി.
രാഹുകാലത്ത് വിഗ്രഹത്തിൽ പാലഭിഷേകം നടത്തുമ്പോൾ പാൽ നീല നിറമുള്ളതായി കാണപ്പെടുന്നു.
ദർശന സമയം:
6 am - 1 pm
4 pm - 9 pm
——————————————————————-
തിരുനാഗേശ്വരം നാഗനാഥർ ക്ഷേത്രത്തിൽ നിന്നും 9.30 മണിയോടെ യാത്ര തിരിച്ച് 2 KM അകലെയുള്ള ലക്ഷ്മി നാരായണ വരദരാജ പെരുമാൾ കോവിലിൽ എത്തിചേർന്നു .
(13) ലക്ഷ്മി നാരായണ വരദരാജ പെരുമാൾ കോവിൽ, തീപ്പേരുമാനല്ലൂർ
തഞ്ചാവൂർ ജില്ലയിൽ തിരുനാഗേശ്വരത്തിടുത്ത് ഗ്രാമപ്രദേശമായ തിപ്പേരുമാനല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ലക്ഷ്മി നാരായണ വരദരാജപെരുമാൾ കോവിൽ.
മഹാവിഷ്ണു ലക്ഷ്മിയോടൊപ്പമുള്ള രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.
ദ്രാവിഡ ശൈലിയിൽ ചോള രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ വികസനത്തിൽ മധുരനായ്ക്കരും സംഭാവന നൽകിയിട്ടുണ്ട്.
ഭൂമിദേവിയും സരസ്വതിയും ഗണപതിയും ഇവിടെ ഉപദേവതകളായിട്ടുണ്ട്.
ചൈത്ര മാസത്തിലെ ബ്രഹ്മോത്സവമാണ് പ്രധാന ഉത്സവം.
ദർശന സമയം 6 am - 12
5 pm - 9 pm
———————————————————————
വരദരാജ പെരുമാൾ കോവിലിൽ നിന്നും 10 മണിയോടെ തിരിച്ച് 7 KM അകലെയുള്ള ആദി കുംഭേശ്വര ക്ഷേത്രത്തിൽഫ് 10.15 ന് എത്തിച്ചേർന്നു.
(14) ആദി കുംഭേശ്വര ക്ഷേത്രം, കുംഭകോണം
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ആദി കുംഭേശ്വര ക്ഷേത്രം.
പ്രളയത്തിനുശേഷം സൃഷ്ടി പുനരാരംഭിക്കുന്ന പ്രക്രിയയിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും വിത്ത് അടങ്ങിയിരിക്കുന്ന ബ്രഹ്മാവിന്റെ കൈയിലുള്ള കുടത്തിൽ (കുംഭം) പുണ്യ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച അമൃതും വെള്ളവും ചേർന്ന കുടം പ്രളയജലത്തിൽ ഒഴുക്കാൻ ശിവൻ നിർദ്ദേശിച്ചു. കുടം ഒരിടത്ത് എത്തിയപ്പോൾ കിരാത വേഷധാരിയായ ശിവൻ അമ്പെയ്തു . കുടത്തിൽ നിന്നും അമൃത് ചിതറി വീണ് പൊട്രൈമാരെ തടാകവും മഹാമഹ തടാകവും ഉണ്ടായി.
മണലിൽ അമൃത് കലർന്ന് അടിഭാഗം വീതിയുള്ളതും മുകളിൽ സൂചിമുന (കോണ്‍)പോലെ കൂർത്ത് സ്വയംഭൂവായ ഒരു ശിവലിംഗവും ഉണ്ടായി.
കുംഭത്തിൽ നിന്നും കോൺ പോലെ ഉണ്ടായതുകൊണ്ട് ഈ പ്രദേശത്തെ കുംഭകോണമെന്നും ആദ്യമായി ഉണ്ടായ ശിവക്ഷേത്രമായതുകൊണ്ട് ആദി കുംഭേശ്വര ക്ഷേത്രം എന്നും പറയപ്പെടുന്നു.
മംഗലാംബിക (പാർവതി), വിനായകൻ,മുരുകൻ, ലക്ഷ്മി നാരായണ പെരുമാൾ,കിരാത മൂർത്തി, സൂര്യൻ ചന്ദ്രൻ,നവഗ്രഹ ദേവതകൾ തുടങ്ങി അനേകം ഉപദേവതകളും ഇവിടെയുണ്ട്.
11 നിലകളുള്ള കിഴക്കേ ഗോപുര ഉൾപ്പെടെ നാല് ഗോപുരങ്ങൾ ഉണ്ട്.ചോള രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രം പിന്നീട് മധുരനായ്ക്കന്മാരും വിജയനഗര രാജാക്കന്മാരും പരിഷ്കരിക്കുകയുണ്ടായി. അനേകം മണ്ഡപങ്ങൾ ഉള്ള ഈ ക്ഷേത്രത്തിന്റെ തൂണുകളിൽ ഒന്നിൽ 27 നക്ഷത്രങ്ങളും 12 രാശികളും കൊത്തി വെച്ചിരിക്കുന്നു.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മഹാമഹ തടാകത്തിൽ പുണ്യ സ്നാനം നടക്കുന്നു. ഇതിനെ ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നു.
മഹാമഹം ഉത്സവത്തിന് 12 ശിവക്ഷേത്രങ്ങളിൽ നിന്നും 6 വിഷ്ണു ക്ഷേത്രങ്ങളിൽ നിന്നുമുള്ള ദേവന്മാരും കൂടാതെ ലോകത്തുള്ള പുണ്യ നദികളും മുപ്പത്തിമുക്കോടി ദേവതകളും ഈരേഴുപതിനാല് ലോകങ്ങളിൽ വസിക്കുന്നവരും സൂക്ഷ്മരൂപികളായി ഇവിടെ സ്നാനത്തിനെത്തുന്നു എന്നാണ് ഐതിഹ്യം.
ദർശന സമയം:
6 am - 12.30 pm
4 pm - 9.30 pm
——————————————————————
കുംഭേശ്വര ഷേത്രത്തിൽ നിന്നും 10.45 ന് യാത്ര തിരിച്ച് 5.5 KM അകലെയുള്ള സ്വാമിമല സ്വാമിനാഥർ ക്ഷേത്രത്തിൽ 11 മണിയോടെ എത്തിച്ചേർന്നു.
(15) സ്വാമിനാഥർ ക്ഷേത്രം , സ്വാമിമല
തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്തിനടുത്ത് സ്വാമിമലയിലാണ് മുരുകന്റെ ആറു പടൈവീടുകളിൽ ഒന്നായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചോള രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രം മൂന്നു ഗോപുരങ്ങളും മൂന്ന് തട്ടുകളും 60 പടികളും ആയി കൃത്രിമമായി നിർമ്മിച്ചിട്ടുളള ഒരു കുന്നാണ് .
താഴത്തെ തട്ടിൽ പിതാവായ ശിവനും മാതാവായ പാർവതിയും മധ്യത്തെ തട്ടിൽ ഒരു വിവാഹ മണ്ഡപവും, സ്വർണ്ണരഥവും മുകളിലത്തെ തട്ടിൽ സ്വാമിനാഥ സ്വാമിയുടെ ശ്രീകോവിലുമാണ്.
ഒരിക്കൽ സൃഷ്ടി കർത്താവായ ബ്രഹ്മാവ് കൈലാസം സന്ദർശിക്കുന്ന വേളയിൽ വിനായകനെ വണങ്ങുകയും കുട്ടിയായ മുരുകനെ ആദരിക്കാതിരിക്കുകയും ചെയ്തു. കോപിഷ്ഠനായ കുട്ടി മുരുകൻ ബ്രഹ്മാവിനോട് സൃഷ്ടിയെക്കുറിച്ച് ചോദിക്കുകയും "ഓം" എന്ന പ്രണവ മന്ത്രത്തിന്റെ അർത്ഥം വിശദീകരിക്കാൻ ആവശ്യപ്പെട്ടുകയും ചെയ്തു. ഉത്തരം മുട്ടിയ ബ്രഹ്മാവിനെ നെറ്റിയിൽ ഇടിച്ച ശേഷം തടവിലാക്കുകയുണ്ടായി. ഭൂമിയിൽ സൃഷ്ടി നടക്കാത്തതിനാൽ ദേവന്മാർ ശിവനോട് ബ്രഹ്മാവിനെ തടവിൽ നിന്നും രക്ഷിക്കാൻ അഭ്യർത്ഥിച്ചു. "ഓം" എന്ന മന്ത്രത്തിന്റെ അർത്ഥമറിയാത്ത ബ്രഹ്മാവിനെ മോചിപ്പിക്കാൻ മുരുകൻ തയ്യാറായില്ല. ശിവൻ സ്വയം അർത്ഥം വിശദീകരിക്കാൻ മുരുകനോട് പറഞ്ഞു.ഒരു അധ്യാപകനെ പോലെ മുരുകൻ അർത്ഥം വിശദീകരിച്ചു. ‘ശിവന്റെ ഗുരു’ എന്ന അർത്ഥത്തിൽ ബാല മുരുകനെ സാമിനാഥന്റെ (ശിവന്റെ ) സ്വാമി എന്നു വിളിക്കുന്നു. പ്രണവ മന്ത്രം വിശദീകരിച്ച സ്ഥലം കൂടിയാണ് സ്വാമിമല .
വിനായകനും ദക്ഷിണാമൂർത്തിയും ദുർഗ്ഗയും ചണ്ഡികേശ്വരനും ഇവിടെ ഉപദേവതകളാണ്.
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ :
ചിത്തിര മാസത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ബ്രഹ്മോത്സവവും, വൈകാശി മാസത്തിലെ വിശാഖവുമാണ്.
ദർശനസമയം : 6 am - 12
4 pm - 9 pm
———————————————————————-
സ്വാമിമല മുരുക ക്ഷേത്രത്തിൽ നിന്നും 11.30 നു യാത്ര തിരിച്ച് 10 KM അകലെയുള്ള പാപനാശം രാമലിംഗസ്വാമി ക്ഷേത്രത്തിൽ 12 മണിയോടെ എത്തിച്ചേർന്നു.
(16) രാമലിംഗസ്വാമി ക്ഷേത്രം ,പാപനാശം
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പാപനാശത്ത് സ്ഥിതി ചെയ്യുന്ന രാമലിംഗസ്വാമി ക്ഷേത്രം ശ്രീരാമൻ നിർമ്മിച്ചതാണെണ് ഐതീഹ്യം.
രാവണനുമായുള്ള യുദ്ധത്തിൽ സീതയെ രക്ഷിച്ചശേഷം താൻ ചെയ്ത പാപങ്ങളിൽ നിന്നും മുക്തി നേടാൻ ശ്രീരാമൻ രാമേശ്വരത്ത് ശിവപൂജ നടത്തുകയുണ്ടായി. അയോധ്യയിലേക്ക് മടങ്ങുമ്പോൾ പിന്നെയും കൊന്ന പാപങ്ങൾ തന്നെ പിന്തുടരുന്നതായി തോന്നി. പാപമോചനത്തിനായി അദ്ദേഹം പാപനാശത്ത് 107 ശിവലിംഗങ്ങൾ നിർമ്മിച്ചു. ബാക്കിയുള്ള ഒരെണ്ണം വാരണാസിയിൽ നിന്നും ഹനുമാൻ കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു.
106 ശിവലിംഗങ്ങൾ മൂന്നു വരികളിലായി ഒരു മണ്ഡപത്തിലും പ്രധാന ദേവനായ രാമലിംഗസ്വാമിക്കും ഹനുമന്തസ്വാമിക്കും പ്രത്യേകം ശ്രീകോവിലുകളുമുണ്ട് . 108 ശിവലിംഗങ്ങളും പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
നന്ദികേശൻ കാമദേവൻ മുരുകൻ പത്നിമാരായ വള്ളി ദേവയാനി ശനീശ്വരൻ അന്നപൂർണി കാശി വിശാലക്ഷ്മി എന്നീ ഉപദേവതകളേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ശിവരാത്രി ഉത്സവം നവരാത്രി ഉത്സവം മാർഗഴി തിരുവാതിര എന്നിവയാണ് പ്രധാന ഉത്സവങ്ങൾ.
ദർശന സമയം :
6.30 am - 12.30 pm
4 pm - 8.30 pm
——————————————————————-
രാമലിംഗസ്വാമി ക്ഷേത്രത്തിൽ നിന്നും 12.30 നു യാത്ര തിരിച്ച് 34 KM അകലെയുള്ള തഞ്ചാവൂർ ബ്രഹദേശ്വര ക്ഷേത്രത്തിൽ ഉച്ചയൂണും കഴിഞ്ഞു 3 മണിയോടെ എത്തിച്ചേർന്നു.
(17) ബൃഹദേശ്വര ക്ഷേത്രം , തഞ്ചാവൂർ
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാജരാജ ചോളന്റെ കാലത്ത് കരിങ്കല്ലിൽ വിസ്മയങ്ങൾ വിരിയിച്ച് നിർമ്മിച്ചതാണ് ശിവലിംഗം പ്രതിഷ്ഠയായിട്ടുള്ള രാജരാജേശ്വര ക്ഷേത്രം അഥവ ബ്രഹദീശ്വര ക്ഷേത്രo.
കൂറ്റൻക്ഷേത്രഗോപുരങ്ങൾ കടന്ന് ഉള്ളിലേക്ക് പോകുമ്പോൾ വിശാലമായ മുറ്റവും ഒറ്റക്കല്ലിൽ തീർത്ത 29 അടി ഉയരമുള്ള കൂറ്റൻ നന്ദി വിഗ്രഹം കാണാവുന്നതാണ്.
നന്ദികേശനെ കൂടാതെ പാർവതിയും മുരുകനും ഗണേശനും വരാഹിദേവിയും ദക്ഷിണാമൂർത്തിയും നവഗ്രഹങ്ങളും ഇവിടെ ഉപദേവതകളായിട്ടുണ്ട്.
വശങ്ങളിലുള്ള മണ്ഡപങ്ങളിൽ 108 ശിവലിംഗ പ്രതിഷ്ഠകളും കാണാവുന്നതാണ്.
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളതാണീ ക്ഷേത്രം.
ഇന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ഇവിടെയാണുള്ളത്.
പ്രധാന ശ്രീകോവിലായ ബ്രഹദേശ്വരന്റെ കുംഭഗോപുരത്തിന് 210 അടി ഉയരമുണ്ട്. ഇതിൽ 80000 കിലോ ഭാരമുള്ള ഗ്രാനൈറ്റ് കല്ലകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഗോപുരങ്ങളുടെയൊന്നും നിഴലുകൾ ഭൂമിയിൽ പതിക്കുന്നില്ല എന്നത് ഇവിടുത്തെ ശില്പകലയുടെ പ്രധാന സവിശേഷതയാണ്.
ശിവരാത്രിയോ ടനുബന്ധിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവ പരിപാടിയിൽ ആയിരക്കണക്കിന് കലാകാരന്മാർ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു.
ദർശന സമയം :
6 am - 12.30 pm
4 pm - 8.30 pm
———————————————————————
ബൃഹദേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നും 4.30 നു യാത്ര തിരിച്ച് 53 KM അകലെയുള്ള തിരുവാണിക്കൽ ജംബുകേശ്വര ക്ഷേത്രത്തിൽ 4.30 മണിയോടെ എത്തിച്ചേർന്നു.
(18) ജുംബുകേശ്വര ക്ഷേത്രം , തിരുവാണിക്കൽ
തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളി ജില്ലയിൽ പഞ്ചഭൂതങ്ങളിൽ ഒന്നായ ജലത്തെ പ്രതിനിധീകരിക്കുന്ന ശിവക്ഷേത്രമാണ് തിരുവാണിക്കൽ ജംബുകേശ്വര ക്ഷേത്രം.
ശിവന്റെ ആഗ്രഹപ്രകാരം അഖിലാണ്ഡേശ്വരിയുടെ (പാർവതി) രൂപത്തിൽ കാവേരി നദീ തീരത്തുള്ള ജംബുവനത്തിൽ വന്ന് തപസ്സു ചെയ്തു. നദിയിലെ വെള്ളത്തിൽ നിന്നും ഒരു ശിവലിംഗം നിർമ്മിച്ച് ആരാധിച്ചു. ഇവിടെവെച്ച് പടിഞ്ഞാറോട്ട് ദർശനമായി നിന്ന ശിവനിൽ നിന്നും കിഴക്കോട്ട് നോക്കി അഖിലാണ്ഡേശ്വരി ശിവജ്ഞാന പാഠങ്ങൾ ഗ്രഹിച്ചു. ശിവപാർവതിമാർ ഗുരു ശിഷ്യന്മാരെ പോലെ പെരുമാറിയതിനാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ ശിവപാർവതി വിഗ്രഹം ഇല്ല.
ഒരിക്കൽ കൈലാസത്തിലെ ഭൂതഗണങ്ങളായ മാല്യവാനും പുഷ്പദന്തനും തമ്മിൽ കലഹിച്ച് പരസ്പരം ശപിക്കുകയുണ്ടായി. ഒരാൾ ആനയും മറ്റേയാൾ ചിലന്തിയുമായി മാറി. അപ്പോഴും അവരിൽ ശിവഭക്തി തീവ്രമായിരുന്നു. ഭഗവാൻ ഇവർക്ക് ശാപമോഷം നല്കുകയും പുഷ്പദന്തൻ കോ ചെങ്കണ്ണൻ എന്ന ചോളരാജാവായി പുനർജനിക്കുകയും ചെയ്തു. കഴിഞ്ഞ ജന്മത്തിൽ ആനയോടുള്ള പക കാരണം ആനയ്ക്ക് കടക്കാനാവാത്തവിധം നാലടി ഉയരവും രണ്ടടി വീതിയും ഉള്ള ചെറിയ വാതിലുകളാണ് ക്ഷേത്രത്തിൽ നിർമ്മിച്ചത്. ഭക്തർക്ക് കുനിഞ്ഞു മാത്രമേ കയാറാൻ കഴിയുകയുള്ളു. ഒരിക്കൽ ആദിശങ്കരൻ ഇവിടം സന്ദർശിച്ചപ്പോൾ ദേവി തീവ്ര കോപമുള്ള രൂപത്തിലാണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കി. അദ്ദേഹം ദേവിയുടെ എതിർവശത്ത് പ്രസന്ന വിനായകനെയും പിറകിൽ മുരുകാനെയും പ്രതിഷ്ഠിച്ചു. കോപം കുറയ്ക്കുന്നതിനായി ഒരു ജോഡി ശ്രീചക്ര കമ്മലുകൾ അണിയിക്കുകയും ചെയ്തതായി വിശ്വാസമുണ്ട്. ദേവിയുടെയും പ്രസന്ന വിനായകന്റെയും കോവിലുകൾ 'ഓം' എന്ന ആകൃതിയിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
ജംബുകേശ്വരന്റെ ശ്രീകോവിൽ ഒരു ഭൂഗർഭ അറയിലാണ്. ഒരു ചെറിയ വാതിലിലൂടെയാണ് പ്രവേശനം. ആറു പേരടങ്ങുന്ന ഗ്രൂപ്പുകളായി മുഖ മണ്ഡപത്തിൽ നിന്നും ശ്രീകോവിലിലെ തട്ടിലേക്ക് ഇറങ്ങുന്നു. നെയ്യ് വിളക്കിന്റെ പ്രകാശത്തിൽ മാത്രമേ ഭഗവാനെ ദർശിക്കാനാവു. സ്വയംഭൂവായ ജംമ്പുകേശ്വരന്റെ മുകൾഭാഗം കോണാകൃതിയിലുള്ള ചെമ്പിന്റെ നിറത്തിലും പീഠം കറുത്ത ഗ്രാനൈറ്റ് കല്ലുകൊണ്ടുമാണ് നിർമ്മിച്ചിട്ടുള്ളത്. വിഗ്രഹത്തിൽ നിന്നും എല്ലായ്പ്പോഴും ജലപ്രവാഹം ഉയർന്നു വരുന്നതായും നനഞ്ഞ വസ്ത്രങ്ങളാൽ ശിവലിംഗം പൊതിഞ്ഞിട്ടുള്ളതായും കാണപ്പെടുന്നു.
ജംബുകേശ്വരന്റെ ശ്രീകോവിലിലൂടെ ഒരു അരുവി ഒഴുകുന്നതായി വിശ്വസിക്കപ്പെടുന്നു.
ഏകപാദ ത്രിമൂർത്തി വിഗ്രഹം (ശിവന്റെ രൂപത്തിൽ നിന്നും വിഷ്ണുവും ബ്രഹ്മവും ഉയർന്നു വരുന്ന രൂപം) ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഭഗവാനെ പൂജ ചെയ്യുന്ന അവസരത്തിൽ പാർവതി ദേവിയെ അനുസ്മരിച്ച് പൂജാരി സ്ത്രീ വേഷധാരിയായിട്ടാണ് പൂജ ചെയ്യുന്നത്.
പ്രധാന ഉത്സവങ്ങൾ :
പൈങ്കുനി ഉത്സവം മീനമാസത്തിലെ രഥോത്സവം (പൗർണമി നാളിൽ ദേവി വെള്ള വസ്ത്രമുടുത്ത് പരമശിവനെ പോലെയും പരമശിവൻ സ്ത്രീ വേഷമണിഞ്ഞ് പാർവതിയെ പോലെയുമാണ് തന്ത്രി രാത്രിയാമങ്ങളിൽ പൂജ നടത്തുന്നത് )
ദർശ സമയം :
7 am - 1 pm
3 pm - 8 pm
———————————————————————-
തിരുവാണിക്കൽ ജംബുകേശ്വര സ്വാമി ക്ഷേത്രത്തിൽ നിന്നും 6.30 മണിയോടെ യാത്ര തിരിച്ച് 3 KM അകലെയുള്ളശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ 6.45 മണിയോടെ എത്തിച്ചേർന്നു.
(19) ശ്രീരംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം
തമിഴ്നാട്ടിലെ ശ്രീരംഗത്ത് മഹാവിഷ്ണുവിനെയും (രംഗനാഥ സ്വാമി) ലക്ഷ്മിയേയും ( രംഗനായിക) മഹത്വപ്പെടുത്തുന്ന ക്ഷേത്രമാണ് ശ്രീരംഗനാഥ സ്വാമി ക്ഷേത്രം.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ ഇതിനെ 'ഭൂലോക വൈകുണ്ഠം’എന്നും 'പെരിയകോവിൽ' എന്നും വിളിക്കുന്നു.
ചോള,പാണ്ഡ്യ, വിജയനഗര രാജാക്കന്മാർ ദ്രാവിഡശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് ഏഴ് കേന്ദ്രീകൃത ചുറ്റുമതിലുകളും 17 ഗോപുരങ്ങളും 50 ആരാധനലയങ്ങളും ആയിരം കൽമണ്ഡപം 9 ക്ഷേത്രക്കുളങ്ങളം എന്നിവ ഉണ്ട്.
നാൽപ്പത് അടിയിലധികം ഉയരമുള്ള വൃത്ത സ്തംഭാകൃതിയിലുള്ള ധാന്യങ്ങൾ ശേഖരിക്കുന്ന അഞ്ച് കളപ്പുരകളും വിശാലമായ ഗോശാലയും ഉണ്ട്.
തെക്കുവശത്തുള്ള ഗോപുരം (രാജഗോപുരം) ഏഷ്യയിലെ ഏറ്റവും വലിയ ഗോപുരമാണ്. കിഴക്കുവശത്താണ് വെള്ളായി ഗോപുരം.ഡൽഹി സുൽത്താന്മാർ ക്ഷേത്രത്തെ ആക്രമിച്ചപ്പോൾ ദേവദാസിയായ വെള്ളായി സേനാധിപനോടൊപ്പം നൃത്തം ചെയ്ത് ഗോപുരത്തിന്റെ മുകളിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. ശേഷം വെള്ളായിയും ചാടി മരിച്ചു. അവരുടെ ഓർമയ്ക്കായിട്ടാണ് ഈ ഗോപുരം വെള്ള നിറത്തിൽ കാണപ്പെടുന്നത്.
പാലാഴി കടയുയുമ്പോൾ ബ്രഹ്മാവ് കഠിനമായ തപസ്സിലായിരുന്നു. അതിന്റെ ഫലമായി രംഗനാഥ പ്രതിഷ്ഠ പാൽക്കടലിൽ നിന്നും ഉയർന്നുവന്നു. ഇത് സത്യലോകത്തിൽ സൂര്യനെ കർമിയായ് വെച്ച് ആരാധിച്ചു വന്നിരുന്നു. ഇക്ഷ്വാകു രാജാവിന്റെ അപേക്ഷപ്രകാരം വിഗ്രഹം അയോധ്യയിലേക്ക് കൊണ്ടുവരികയും രാവണയുദ്ധ വിജയത്തിന് ശേഷം രാമൻ വിഭീഷണന് നൽകുകയും ചെയ്തു. വിഭീഷണൻ ഇതുമായി ലങ്കയിലേക്ക് പോകുമ്പോൾ കാവേരി തീരത്തുള്ള പുഷ്കരണിയിൽ സന്ധ്യാവന്ദനത്തിന് ഇറങ്ങേണ്ടിവന്നു .വിഗ്രഹം താഴെ വയ്ക്കാതെ ഗോപാലക വേഷത്തിൽ വന്ന ഗണപതിയുടെ കയ്യിൽ കൊടുത്തു. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വിഗ്രഹം താഴെയിരിക്കുന്നതായി കണ്ടു.വിഭീഷണൻ ദേഷ്യത്തിന് ഗണപതിയുടെ തലയിൽ ഒരു കൊട്ടു കൊടുത്തു. താഴെ ഇരുന്ന വിഗ്രഹം മണ്ണിൽ ഉറച്ചു പോയിരുന്നു.അങ്ങനെയാണ് രംഗനാഥസ്വാമി ക്ഷേത്രം ശ്രീരംഗത്ത് ഉണ്ടായത്. (തലയിൽ കൊട്ടുകിട്ടിയ ഗണപതിയാണ് ഉച്ചിപിള്ളയാർ കോവിലെ പ്രതിഷ്ഠ )
രംഗനാഥ സ്വാമി തെക്കോട്ട് (ലങ്കയിലേക്ക് ) നോക്കി തല പടിഞ്ഞാറും പാദം കിഴക്കുമായി അനന്തശയനത്തിലായിട്ടാണ് പ്രതിഷ്ഠ. ഇതാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം.
രംഗനായികക്കും ധന്വന്തരിക്കും ഗരുഡനും പ്രത്യേക ക്ഷേത്രമുണ്ട് .ഗണപതി അനന്തൻ,നരസിംഹം, ദുർഗ തുടങ്ങി അനേകം ഉപദേവതകളും ഉണ്ട് .
അലാവുദ്ദീൻ ഖിൽജിയുടെ പട വീണ്ടും ക്ഷേത്രത്തെ ആക്രമിച്ച് സമ്പത്തും നൻപെരുമാൾ വിഗ്രഹവും ഡൽഹിയിലേക്ക് കൊണ്ടുപോയി. രണ്ടു വർഷത്തോളം ഇത് അവിടെയുണ്ടായിരുന്നു. സുൽത്താന്റെ മുന്നിൽ വിവിധ കലാ പ്രകടനങ്ങൾ കാഴ്ചവെച്ച് വിഗ്രഹം വീണ്ടും ശ്രീരംഗത്ത് കൊണ്ടു വന്നു. സുൽത്താന്റെ മകൾക്ക് നൻപെരുമാൾ വിഗ്രഹത്തോട് വളരെയധികം ഇഷ്ടമായിരുന്നു.ശ്രീരംഗത്ത് എത്തിച്ച വിഗ്രഹത്തെ തേടി സുൽത്താന്റെ മകൾ വന്നെങ്കിലും അത് കിട്ടാത്തതിനാൽ അവർ ആത്മഹത്യ ചെയ്യകയുണ്ടായി. സ്മരണാർത്ഥം‘തുലുക്കനച്ചി’ എന്ന പേരിൽ ഇപ്പോഴും മുസ്ലീം വസ്ത്രങ്ങൾ ധരിപ്പിച്ചും പൂജ ചെയ്തും അവരെ ആരാധിക്കുന്നു.
120 വയസ്സുവരെ ജീവിച്ചിരുന്ന വൈഷ്ണവ ആചാര്യനായിരുന്ന രാമാനുജന്റെ പ്രതിഷ്oയും സമാധിയും ഇവിടെയുണ്ട്. ആയിരം വർഷത്തോളം പഴക്കമുള്ള ഭൗതികശരീരം ഇപ്പോഴും കേടുകൂടാതെ സംരക്ഷിക്കുന്നു.
അർജുനനും ശ്രീരാമനും ഈ ക്ഷേത്തിലെത്തി പ്രാർത്ഥിച്ചിരുന്നു .
ഉത്സവങ്ങൾ:
പൈങ്കുനി ഉത്സവത്തിന് രംഗനാഥൻ രംഗ നായികയെ സന്ദർശിക്കുന്നു.
മാർഗളി മാസം 21 ദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവമാണ്.
കൈശിക ഏകാദശി ദിവസം ഭഗവാനെ 365 വസ്ത്രങ്ങൾ ധരിപ്പിക്കുന്നു.
വൈകുണ്ഠ ഏകാദശി ദിവസം സ്വർഗ്ഗ വാതിൽ തുറക്കുന്നു.
വർഷത്തിൽ 111 ദിവസവും ഉത്സവം നടക്കുന്ന ക്ഷേത്രമാണ് ശ്രീരംഗം.
ശീവേലി എഴുന്നള്ളിപ്പിനും ഉത്സവ ദിനങ്ങളിലും നൻപെരുമാൾ വിഗ്രഹമാണ് എഴുന്നള്ളിക്കുക.
അശ്വതി, ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ദർശന സൗഭാഗ്യം ലഭിക്കുന്ന ക്ഷേത്രമാണ്.
ദർശന സമയം : 6 am - 9 am
(പൂജാ സമയങ്ങളിൽ ദർശനം ഉണ്ടാകുന്നതല്ല )
വിശ്വരൂപ ദർശനം :
6 am - 7.15 am
( മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് )
———————————————————————
രംഗ നാഥ സ്വാമി ക്ഷേത്രത്തിൽ നിന്നും 8 മണിയോട് യാത്ര തിരിച്ച് ട്രിച്ചി ടൗണിലുള്ള ഒരു ലോഡ്ജിൽ അന്ന് രാത്രിയിൽ താമസിച്ചു.
09-07-2025 രാവിലെ 6 മണിയോടെ ട്രിച്ചിയിൽ നിന്നും യാത തിരിച്ച് 111 KM അകലെയുള്ള തിരുകോഷ്ടിയൂർ സൗമ്യനാരായണ ക്ഷേത്രത്തിൽ 7.30 ന് എത്തിച്ചേർന്നു.
(20) സൗമ്യനാരായണ ക്ഷേത്രം - തിരുകോഷ്ടിയൂർ
തമിഴ്നാട്ടിലെ തിരുപ്പത്തൂർ - ശിവഗംഗ റോഡിൽ തിരുപ്പത്തൂരിനടുത്ത് സ്ഥിതി ചെയ്യുന്നതും മഹാവിഷ്ണുവിനെ വിവിധ ഭാവങ്ങളിൽ കാണാവുന്നതുമായ ക്ഷേത്രമാണ് തിരുക്കോഷ്ടിയൂർ സൗമ്യ നാരായണ പെരുമാൾ കോവിൽ.
വെള്ളിയിൽ നിർമ്മിച്ച ഭഗവാന്റെ വിഗ്രഹം വളരെ സുന്ദരമായതിനാലാണ് ഈ ദേവനെ സൗമ്യ നാരായണ പെരുമാൾ (സൗമ്യ = സുന്ദരൻ) എന്ന് വിളിക്കുന്നത്.
അസുരനായ ഹിരണ്യ കശുപുവിനെ വധിക്കാനായി വിഷ്ണുവും ബ്രഹ്മാവും ശിവനും മറ്റു ദേവന്മാരും സപ്ത ഋഷികളും ഒത്തുകൂടിയത് ഇവിടെയാണ്. മഹാവിഷ്ണുവിന്റെ നരസിംഹ അവതാരം ദേവൻമാരെ കാട്ടിയ സ്ഥലം കൂടിയാണ് ഇവിടം.
ക്ഷേത്രത്തിന്റെ നാലുവശങ്ങളിലും കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട് മൂന്ന് തട്ടുകളിലായിട്ടാണ് നിർമ്മാണം . വടക്ക് ഭാഗം അസുര ശിൽപിയായ മായനും തെക്കുഭാഗം ദേവ ശില്പിയായ വിശ്വകർമ്മാവുമാണ് നിർമ്മിച്ചിട്ടുള്ളത്.
'ഭൂലോകം' എന്നറിയപ്പെടുന്ന താഴത്തെ നിലയിൽ 'നർത്തന കൃഷ്ണൻ'( ഭൂലോക പെരുമാൾ ) രുഗ്മിണി സത്യഭാമ എന്നിവരോടൊത്ത് നിൽക്കുന്ന രൂപമാണ്.
ഒന്നാം നിലയിൽ അനന്തശയനത്തിൽ സൗമ്യ നാരായണ പെരുമാൾ ( തിരു പാർക്കടൽ പെരുമാൾ ) ഒപ്പം ശ്രീദേവിയും ഭൂദേവിയും .
രണ്ടാം നിലയിലെത്താൻ ഇടുങ്ങിയ കുത്തനെയുള്ള പടികൾ കയറി വേണം ഉപേന്ദ്രനാരായണനെ (ദേവലോക പെരുമാൾ) കാണാൻ .
മൂന്നാം നിലയിൽ എത്തണമെങ്കിൽ വീതി കുറഞ്ഞതും ഒരാൾക്ക് മാത്രം കയറാവുന്ന പടികളിലൂടെ തല തട്ടാതെ കുനിഞ്ഞു മാത്രമേ കയറാൻ പറ്റുകയുള്ളു. ഇവിടെയാണ് പരമപഥ നാഥർ (വൈകുണ്ഠ പെരുമാൾ ) കുടികൊള്ളുന്നത്.
ക്ഷേത്രത്തിലെ പ്രധാന ദേവി തിരുമാമകൾ തായർ ആണ്. തൊട്ടിലിൽ കിടക്കുന്ന ഒരു കൃഷ്ണന്റെ രൂപവും കാണാം (ശാന്തകൃഷ്ണൻ). വന്ധ്യതയുള്ളവർ വിളക്ക് കത്തിച്ച് ആരാധിക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിൽ സ്വയംഭൂവായ ഒരു ശിവലിംഗവും നന്ദി നരസിംഹം എന്നീ പ്രതിഷ്ഠയും ഉണ്ട് .
ഈ ക്ഷേത്രത്തെക്കുറിച്ച് മറ്റൊരു ഐതിഹ്യവുമുണ്ട്. അഷ്ടാക്ഷരമന്ത്രം പഠിക്കാൻ തിരിച്ചിറപ്പള്ളിയിൽ നിന്നും 100 കിലോ മീറ്ററോളം നടന്ന് വൈഷ്ണവഭക്തനായ രാമാനുജർ തിരിക്കോഷ്ട്ടിയൂർ നമ്പിയുടെ ഭവനത്തിലെത്തി. ആരാണ് എന്ന് ചോദിച്ചപ്പോൾ 'ഞാൻ' രാമാനുജൻ എന്നു പറഞ്ഞു.ഞാൻ എന്ന വാക്ക് അഹങ്കാരത്തിന്റെ പ്രതീകമായതിനാൽ 17 തവണ രാമാനുജനെ നമ്പി തിരസ്ക്കരിച്ചു.
ഇത് തിരിച്ചറിഞ്ഞ രാമാനുജന് പതിനെട്ടാമത്തെ തവണയാണ് 'ഓം നമോ : നാരായണായ' എന്ന മന്ത്രം ഉപദേശിച്ചത്. മറ്റാരും കേൾക്കേ ഈ മന്ത്രം ചൊല്ലിയാൽ നരകത്തിൽ പോകുമെന്നും പറഞ്ഞു. എന്നാൽ രാമാനുജൻ ക്ഷേത്രത്തിന്റെ മുകളിൽ കയറി ഗ്രാമവാസികളെ വിളിച്ചുകൂട്ടി 'ഓം നമോ: നാരായണയ' എന്ന മന്ത്രം ഉറക്കെ ചൊല്ലി.
മന്ത്രം ഉപദേശിച്ച നമ്പി എന്തിനാണ് താൻ പറഞ്ഞത് ധിക്കരിച്ചത് എന്ന് ചോദിച്ചപ്പോൾ മന്ത്രത്തെ കുറിച്ചുള്ള അറിവ് മറ്റുള്ളവർക്ക് കൂടി മോക്ഷം ലഭിക്കുമെങ്കിൽ താൻ നരകത്തിൽ പോകാൻ തയ്യാറാണെന്ന് രാമാനുജൻ പറഞ്ഞു സന്തേഷത്തോടെ നമ്പി അദ്ദേഹത്തെ അനുഗ്രഹിച്ചു. ക്ഷേത്ര സന്നിധിയിലേക്കുള്ള വഴിയിൽ ലക്ഷ്മീനരസിംഹ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലാണ് ഈ സംഭവം നടന്നത്. അതിനടുത്താണ് നമ്പിയുടെ ഭവനം.
മാസിമാസത്തിലെ തേരും, നവരാത്രി ഉത്സവവും , മാർഗളി മാസത്തിലെ വൈകുണ്ഠ ഏകാദശിയും പ്രധാന ഉത്സവങ്ങളാണ് .
ദർശന സമയം :
7 am - 12
4 pm - 7.30 pm
———————————————————————
തിരുകോഷ്ടിയൂർ സൗമ്യനാരായണ ക്ഷേത്രത്തിൽ നിന്നും 8 മണിയോടെ യാത്ര തിരിച്ച് 17 KM അകലെയുള്ള പിള്ളയാർപട്ടി ഗണപതി ക്ഷേത്രത്തിൽ 8.30 ന് എത്തിച്ചേർന്നു.
(20) കല്പകവിനായക ക്ഷേത്രം, പിള്ളയാർപട്ടി
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ തിരുപ്പത്തൂരിനടുത്ത് പിള്ളയാർപട്ടി ഗ്രാമത്തിൽ പാറയിൽ കൊത്തിയെടുത്ത ഒരു ഗുഹാക്ഷേത്രമാണ് കർപ്പക വിനായക ക്ഷേത്രം. (കല്പക വൃക്ഷം പോലെ എല്ലാ ഐശ്വര്യങ്ങളും വാരി കോരി നൽകുന്ന ദേവനാണ് കർപ്പക വിനായകർ ).
ഗുഹാക്ഷേത്രത്തിൽ ഗണപതിയെ വലംപുരി രീതിയിൽ വലതുവശത്തേക്ക് വളഞ്ഞ രണ്ട് കൈകളും തുമ്പിക്കൈയും ഉള്ളതായി ചിത്രീകരിച്ചിരിക്കുന്നു. ആറടി ഉയരമുള്ള രൂപമാണ് ഗണപതിയുടേത്. പാറയിൽ കൊത്തിയെടുത്ത ശിവലിംഗവും (തിരുവീശർ ) ഗണപതിക്കും ശിവനും ഇടയിൽ നിൽക്കുന്ന ഹരിഹര രൂപവും കാണാവുന്നതാണ്.
നടരാജൻ ശിവകാമിയമ്മൻ ഭൈരവൻ സോമസ്കന്ദൻ കാർത്തികേയനും ഭാര്യമാരും നവഗ്രഹങ്ങൾ മരുടൻ കുടി ഈസറും അദ്ദേഹത്തിന്റെ പത്നി വാടാമലർ മങ്കയും ഉൾപ്പെടുന്ന കോവിലുകളുമുണ്ട്.
ഗണപതി ഭഗവാൻ ഗജമുഖാസുരനെ വധിച്ചശേഷം ശിവനെ പൂജിച്ച് ധ്യാനത്തിലിരുന്ന സ്ഥലമാണെന്നും പാർവതി മാതാവ് വേദങ്ങൾ ഉരുവിട്ടപ്പോൾ അത് കേട്ട് പകർത്തി എഴുതിയ സ്ഥലമാണെന്നും ഐതിഹ്യമുണ്ട്.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ ഭണ്ഡാര പെട്ടിയില്ല എന്നത് ഒരു പ്രത്യേകതയാണ്.
ക്ഷേത്രത്തിൽ പഞ്ചലോഹത്തിൽ തീർത്ത ഒരു നടരാജ വിഗ്രഹം ഉണ്ട് . അതിലെ ഉടുക്കിൽ തട്ടിയാൽ ശരിക്കും ഉടുക്കിന്റെ ശബ്ദം കേൾക്കുമെന്നും ഐതിഹ്യമുണ്ട്.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ഉത്സവത്തിന് സ്വർണ്ണം പൂശിയ ഗണേശ വിഗ്രഹം ഒരു എലിയുടെ വാഹനത്തിൽ മാതാപിതാക്കളായ നടരാജനും ശിവകാമിക്കും ഒപ്പം രഥഘോക്ഷയാത്ര നടത്തുന്നു.
ദർശന സമയം :
6 am - 1 pm
4 pm - 8.30 pm
———————————————————————
കൊട്ടാരക്കര ഗണപതി കോവിലിൽ നിന്നും 05-07-2025 ശനിയാഴ്ച രാവിലെ 6 മണിക്ക് യാത്ര തിരിച്ച ഞങ്ങൾ 5 പേർ 5 ദിവസത്തിനു ശേഷം 09-07-2025 ബുധനാഴ്ച വൈകിട്ട് 6 മണിയോടെ കൊട്ടാരക്കരയിൽ എത്തിച്ചേർന്നു.














Comments
Post a Comment